പാരീസ്: രാജ്യത്തെ ലൂവ്റ് മ്യൂസിയത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ ആധുനിക കാലത്തിന് ചേർന്നവയല്ലെന്ന് സ്ഥലം സന്ദർശിച്ച ഫ്രഞ്ച് സെനറ്റർമാരുടെ സംഘം. 21-ാം നൂറ്റാണ്ടിനു പാകമാകുംവിധം സുരക്ഷാസന്നാഹങ്ങൾ നന്നാകേണ്ടതുണ്ടെന്നും അവർ നിരീക്ഷിച്ചു.
ഈ മാസം 19ന് മ്യൂസിയത്തിൽ നടന്ന മോഷണത്തിൽ, 88 മില്യൺ യൂറോ വിലമതിക്കുന്ന രത്നങ്ങൾ കൈക്കലാക്കാൻ മോഷ്ടാക്കൾക്കു വേണ്ടിവന്നത് വെറും എട്ട് മിനിറ്റായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച അറസ്റ്റിലായ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഔട്ട്ഡോർ കാമറകളുടെ കാര്യത്തിൽ പോരായ്മകളുണ്ടായെന്നും രഹസ്യാത്മകത നിലനിർത്തേണ്ടതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സെനറ്റർ ലോറന്റ് ലഫൊൺ പറഞ്ഞു. മ്യൂസിയം പുതുക്കിപ്പണിയാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
പത്ത് വർഷം നീണ്ടുനിൽക്കുന്ന ‘ലൂവ്റ് ന്യൂ റിനൈസൻസ്’ പദ്ധതി ഈ വർഷത്തിന്റെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. 800 മില്യൺ യൂറോ ചെലവു വരുന്ന നവീകരണ പ്രവൃത്തികളാണ് 2031ഒാടെ പൂർത്തിയാകുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.